ഏ ആർ റഹ്മാൻ അറിയാൻ!

കനത്ത മഴ. ഇറ്റ് ഈസ് റെയിനിംഗ്‌ ക്യാറ്റ്സ് ആൻറ് ഡോഗ്സ്!

നല്ല ചെളിനിറഞ്ഞ പാടം. വെള്ളം മഴയോടൊപ്പം ഉയരുന്നുണ്ട്.

ആകാശത്ത് മിന്നൽപിണരുകൾ!

കൂറ്റാ കൂരിരുട്ട്.

പതിനായിരത്തിലധികം ആളുകൾ – കുട്ടികൾ, യുവാക്കൾ, കുടുംബങ്ങൾ, പ്രായമായവർ, വീൽ ചെയറിൽ വന്നവർ…

ഞാനും എട്ട് വയസുള്ള മോളും റെയിൻകോട്ടുമായി എന്റെ സുഹൃത്തുക്കളോടൊപ്പം ചന്നം പിന്നം പെയ്യുന്ന മഴയിൽ “ചിന്ന ചിന്ന ആശൈ…” പാടി, പാടത്ത് ഇരുട്ടത്ത്…

സ്ഥലം: എറണാകുളം ഇരുമ്പനത്തെ ചെളിനിറഞ്ഞ പാടം
സമയം: രാത്രി എട്ടുമണി, 12 മേയ് 2018

“ഏ ആർ! ഏ ആർ!” എന്ന വിളികൾ.
സ്റ്റേജിൽ ആരൊക്കെയോ ഉണ്ട്. ഇരുട്ട് മൂലം ഒന്നും കാണുന്നില്ല. പവർ കേബിളുകൾ മഴ വെള്ളത്തിലും ചെളിയിലും മുങ്ങിപ്പോയതിനാൽ അപകടം ഒഴിവാക്കാൻ കറണ്ട് കട്ട് ചെയ്തിരിക്കുന്നു. ഒരു മെഗാഫോൺ വഴി ആരോ, എന്തോ പറയുന്നുണ്ട്. ആയിരങ്ങൾ നിശ്ശബ്ദരാകാൻ ശ്രമിക്കുന്നു.

പിന്നീട് അറിഞ്ഞത് – ഏ ആർ റഹ്മാൻ സ്റ്റേജിൽ വന്നുവെന്നും അദ്ദേഹംതന്നെ ‘ഏ ആർ റഹ്മാൻ ഷോ’ അടുത്ത ദിവസത്തേക്ക് മാറ്റി എന്ന് പ്രഖ്യാപിക്കുകയും ചെയ്തു എന്നാണ്.

ഞാനും മോളും എന്റെ കൂട്ടുകാരനും ഞങ്ങളുടെ സ്കൂട്ടറിലാണ് പരിപാടിക്ക് വന്നത്. അതുകൊണ്ട് സീപോർട്ട്-എയർപോർട്ട് റോഡിൽ വലിയ ട്രാഫിക് ബ്ലോക്കുണ്ടായിരുന്നെങ്കിലും കനത്തമഴയിൽ ഇരുമ്പനത്തുനിന്ന്, കരിമുകൾ – കാക്കനാട് വഴി ഇടപ്പള്ളി വീട്ടിലെത്തി.

ഞങ്ങളുടെ അവസ്ഥ വളരെ മോശമായിരുന്നു. അരയ്ക്ക് കീഴെ കനത്ത ചെളി. ചെരിപ്പ് കാണാനേയില്ല. മഴയിൽ, മുറ്റത്ത്, ചെടി നനയ്‌ക്കുന്ന ഹോസ് ഉപയോഗിച്ച് ഒരു മണിക്കൂർ കഷ്ടപ്പെട്ടാണ് ഞാനും മോളും ഒന്ന് വൃത്തിയായത്.

ചെറിയകുട്ടിയേയും കൊണ്ട് ‘ഏ ആർ റഹ്മാൻ ഷോ’യ്‌ക്ക്‌ പോയതിന് ഭാര്യാജി എന്നെ നന്നായി ശാസിച്ചു. തിക്കിലും തിരക്കിലും മഴയിലും ഇടിവെട്ടിലും എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ?

മോൾക്ക് ഒരിക്കലും മറക്കാത്ത ഒരനുഭവമായിരിക്കും ഈ നടക്കാത്ത ഷോ എന്ന് ഞാനാശ്വസിച്ചു. കുട്ടിയായിരുന്നപ്പോൾ മമ്മൂട്ടിസിനിമകൾക്ക്മാത്രം എന്നെ കൊണ്ടുപോയിരുന്ന പിതാജിയായിരുന്നു എന്റെ ഹീറോ!

മൂന്ന് ദിവസങ്ങൾക്ക് ശേഷം മോൾക്ക് ശക്തമായ പനി തുടങ്ങി. കാരണം പ്രത്യേകിച്ച് പറയേണ്ടല്ലോ! ഞങ്ങളെ വളരെയധികം സഹായിക്കുന്ന ഭാര്യവീട്ടുകാർക്കും വിഷമമായി. എന്നോട് “ഈ പോക്ക് വേണ്ടിയിയിരുന്നില്ല” എന്ന് അവരും പറഞ്ഞു.

അൽപം ആശ്വാസത്തിനായി ഞാൻ പിതാജിയെ വിളിച്ചു. എന്റെ ചെറുപ്രായത്തിൽ മമ്മൂട്ടി സിനിമകൾക്ക് എന്നെയുംകൂട്ടി പോയ ആളാണല്ലോ – സപ്പോർട്ട് തരും.

“എന്തുണ്ട് വിശേഷം?”

“ഞാനും മോളും ഏ ആർ റഹ്മാൻ ഷോയ്‌ക്ക് പോയിരുന്നു.”

“എന്ത് ഷോ ?”

“ഏ ആർ റഹ്മാൻ! ഓർമ്മയില്ലേ – ചിക് ബുക് റയിലേ? മുക്കാലാ മുകാബലാ? ഹമ്മ-ഹമ്മ-ഹമ്മഹമ്മഹമ്മ? നമ്മുടെ പഴയ BPL SANYO ടേപ് റെക്കോഡർ?”

“ആ? പാട്ടൊന്നും ഓർക്കുന്നില്ല. എന്നിട്ട്?”

“മഴ കാരണം ഷോ നടന്നില്ല. ഇപ്പോൾ കൊച്ചിന് നല്ല പനി.”

“ഏത്? ആ ചെളിപ്പാടത്ത് വച്ച പരിപാടിയോ? ഞാൻ ടിവിയിൽ ന്യൂസ് കണ്ടിരുന്നു. മോളെയുംകൊണ്ട് അവിടെയാണോ നീ പോയത്?”

ഒരാളെങ്കിലും എന്നെ മനസ്സിലാക്കി എന്ന ആശ്വാസത്തോടെ ഞാൻ – “അതെ, അതുതന്നെ!”

“നിനക്ക് തീരെ വിവരമില്ലേ? ഇവിടെയൊക്കെയാണോ കുട്ടിയെ കൊണ്ടു പോകുന്നത്? വലിയ ഭ്രാന്താണല്ലോ! ഇതൊക്കെ ടിവിയിൽ വീട്ടിലിരുന്ന് കണ്ടാൽ എന്താ കുഴപ്പം?”

“അത് പിന്നെ… മോളുടെ ബാല്യകാല ഓർമ്മകൾ നിർമ്മിക്കാൻ… എന്റെ ചെറുപ്പത്തിലെ മമ്മൂട്ടിപ്പടങ്ങൾപോലെ…”

“തിയേറ്ററിൽ സിനിമക്ക് പോവുന്ന പോലെയാണോ ഈ മഴയത്ത്, ചെളിയില് പരിപാടിക്ക് പോയത്? ഇങ്ങനെയാണോ പിള്ളേരെ വളർത്തുന്നത്?”

“മഴ വരുമെന്ന് ആരറിഞ്ഞു? കേരളത്തിന് പുറത്ത് നിന്ന് വരെ ആളുകൾ ഇതിന് വന്നു – പതിനായിരംപേർ…”

“മിണ്ടരുത് – എല്ലാവരും വട്ടൻമാരാ… കൊച്ചിനെ പനിയും പിടിപ്പിച്ച്, നിന്ന് പ്രസംഗിക്കുന്നു…”

പിതാജി പിന്നെ എന്നെപ്പറഞ്ഞതൊന്നും ഞാനിവിടെ എഴുതുന്നില്ല!

I still believe in creating childhood experiences/memories/adventures for my kids.

And, I’m an A R Rahman fan forever!

🙂


Update: The postponed ‘A R Rahman Show’ took place at Angamaly Adlux Convention Center successfully in June, 2018. My family attended and enjoyed the show.

Peace!