മോർ വിഷു!

Copyrighted image from More Retail website

“ചേട്ടാ, രണ്ട് പായ്ക്കറ്റ് പാല്!”

രാവിലെ പത്തരയ്ക്ക്, അതും വിഷുവിന്, പാല് വാങ്ങാൻ വന്നവനെ ശരിക്കൊന്ന് കാണാൻ ‘ദേവി ബേക്കറി’യിലെ ചേട്ടൻ കണ്ണടയെടുത്ത് മൂക്കിൽ ഫിറ്റ് ചെയ്തു.

“പാലില്ല. എല്ലാം പായസമാക്കി. ഉച്ചക്ക് കടയടക്കും. നാളയേ തുറക്കൂ.”

പുറത്ത് പായസക്കൗണ്ടറിൽ മുട്ടനിടി. ശുപാർശക്കത്തുണ്ടെങ്കിലേ അര ലിറ്റർ പാലട കിട്ടൂ എന്ന അവസ്ഥ.

ശ്ശെടാ, രണ്ട് മിൽമാ പാൽ വാങ്ങാൻ ലുലു മാൾ വരെ പോകേണ്ടി വരുമോ?

അപ്പോഴാണ് ജംഗ്ഷനിലെ ആദിത്യ ബിർള റീട്ടെയ്ൽ സ്റ്റോറായ “മോർ” കണ്ണിലുടക്കിയത്. ഗ്ലാസ് ഡോർ തുറന്ന് അകത്ത് കേറി. എന്റെ ഭാഗ്യം! ഒരു പത്തു ഡസൻ പാൽ കവറുകൾ – പല കളറുകളിലായി – അവിടെയുണ്ട്.

രണ്ട് നീലക്കവർപാലുമെടുത്ത് ബിൽ കൗണ്ടറിലെത്തി. വിഷുവായതുകൊണ്ടാകും, ‘പയ്യി’ക്കു പകരം ഒരു പയ്യനാണ് അവിടെ നിൽക്കുന്നത്.

“ഹാപ്പി വിഷു, സർ. ഫോൺ നമ്പർ?”

“അതെന്തിനാ? എനിക്ക് ലോയൽറ്റി കാർഡില്ല.”

“ഇല്ലെങ്കിൽ ഒരെണ്ണമെടുക്കട്ടെ, സാർ?”

“വേണ്ട. ഞാൻ ആണ്ടിനും സംക്രാന്തിക്കുമേ ഇവിടെക്കേറാറുള്ളു.”

“മൊബൈൽ നമ്പർ തന്നില്ലേൽ ബില്ലടിക്കാൻ പറ്റില്ല.”

“അതു കൊള്ളാല്ലോ? അപ്പൊ ഫോണില്ലാത്ത പാവങ്ങൾക്ക് ഇവിടന്ന് സാധനം വാങ്ങാൻ പറ്റില്ലേ?”

“… ഇല്ല.”

ഞാനെന്റെ ഫോണെടുത്ത് മോറിന്റെ വെബ്സൈറ്റിൽക്കേറി. “കോണ്ടാക്ട് അസ്” പേജ് എടുത്തിട്ട്,

“എന്താ നിങ്ങടെ പേര്? ഒരു മെയിൽ അയയ്ക്കാനാ…”

“…”

“എന്ത്? പേരില്ലേ?”

“ഇതാ സാർ, 38 രൂപയുടെ ബിൽ. ഹാപ്പി വിഷു.”

ഹും. മോറാണത്രേ, മോർ. നമ്മളോടാ അവന്റെ കളി!

😎